പൗരത്വനിയമ ഭേദഗതിയോട് പ്രതിഷേധിച്ച് രാജിവെച്ച ഐ.പി.എസ് ഓഫീസറെ വഴിയില്‍ തടഞ്ഞ് ലോക്കല്‍ പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കാളിയായി അബ്ദുര്‍ റഹ്മാന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്യാന്‍ പുറപ്പെട്ടു മുന്‍ ഐപിഎസ് ഓഫീസറെ തടഞ്ഞ് ലോക്കല്‍ പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന അബ്ദുര്‍ റഹ്മാന്‍നെയാണ് അലിഗഡിലേക്ക് പോകും വഴി ലോധയില്‍ നിന്ന് പോലീസ് തടഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചത്.

വിവാദ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് 2019 ഡിസംബറില്‍ പൊലീസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അബ്ദുര്‍ റഹ്മാന്‍.
പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍ക്ക് വിരുദ്ധമാണെന്ന് തന്റെ തുറന്ന രാജിക്കത്തില്‍ റഹ്മാന്‍ വ്യക്തമാക്കിയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലിനെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

നിസ്സഹകരണത്തിന്റെ ഘട്ടമെന്ന നിലയില്‍ ഇനി സേവനത്തില്‍ തുടരുന്നില്ലെന്നും, നാളെ മുതല്‍ ഓഫീസില്‍ പോകുന്നില്ലെന്നും സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുകയാണെന്നും റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു. എന്റെ സേവനം ആഗ്രഹിക്കുന്നവരോട് ഞാന്‍ ഖേദിക്കുന്നതായും നിരാലംബരായ ജനങ്ങളോട് നീതി പുലര്‍ത്താന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നീ വിഷയങ്ങളില്‍ സംസാരിക്കാന്‍ എഎംയു വിദ്യാര്‍ത്ഥി യൂണിയന്‍ തന്നെ ക്ഷണിച്ചിരുന്നതായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനായി ഞാന്‍ ഡല്‍ഹിയില്‍ നിന്ന് അലിഗഡിലേക്ക് പുറപ്പെട്ടതാണെന്നും എന്നാല്‍ ഖേരയിലെത്തിയപ്പോള്‍ എന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയാണുണ്ടായതെന്നും, അബ്ദുള്‍ റഹ്മാന്‍ പ്രതികരിച്ചു.

ഞാന്‍ അവിടെ പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ക്രമസമാധാനത്തിന് അപകടമാണെന്നും കാണിച്ചാണ് തന്നെ പൊലീസ് പിടിച്ചുവെച്ചതെന്നും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു. ലോക്കല്‍ പോലീസും യുപി ഭരണകൂടവും ചേര്‍ന്ന് എന്നെ ഒന്നര മണിക്കൂര്‍ ലോധ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചതായും അദ്ദേഹം കുറ്റുപ്പെടുത്തി. അലിഗഡിന് 15 കിലോമീറ്റര്‍ മുമ്പാണ് തന്നെ തടഞ്ഞെതന്നും ഉത്തര്‍പ്രദേശില്‍ സംവാദത്തിന് സ്വാതന്ത്ര്യമില്ലെന്നും മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.