ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: രാ്ജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി വന്നിരിക്കുകയാണ് റെയില്‍വേ.

നിലവില്‍ സര്‍വീസുകള്‍ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സോണുകള്‍ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുന്നുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഈ മാസം 15ന് റെയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഒപ്പം തന്നെ ബോഗികള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളിലേക്ക് റെയില്‍വേ കടക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് രണ്ടുദിവസം മുന്‍പേ തന്നെ റെയില്‍വേ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നിരുന്നാലും, സർക്കാരിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചതിനുശേഷം മാത്രമേ ട്രെയിനുകൾ പ്രവർത്തനം ആരംഭിക്കൂ. ഈ വിഷയത്തിൽ മന്ത്രിതല അവലോകന യോഗം രൂപം നൽകി.

അതേസമയം ഏപ്രില്‍ 14ന് ശേഷമുള്ള ആഭ്യന്തര അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും ബുക്കിംഗ് ഏപ്രില്‍ 30 വരെ അടച്ചിരിക്കുന്നതായു ഏപ്രില്‍ 14 ന് വരുന്ന തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.