ഡല്‍ഹി കലാപം: അനുരാഗ് ഠാക്കൂറിനും കപില്‍ മിശ്രയ്ക്കും പര്‍വേശ് വര്‍മയ്ക്കും ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് ഡല്‍ഹി പൊലീസ്!

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ എന്നിവര്‍ക്കെതിരെ കേസ് ചുമത്താന്‍ തെളിവില്ല എന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ ലീഗല്‍ സെല്‍ ഡപ്യൂട്ടി കമ്മിഷണര്‍ രാജേഷ് ദേവ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കലാപവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ കേസെടുക്കുമെന്നും സത്യവാങ്മൂലം പറയുന്നു.

ഫെബ്രുവരി അവസാന വാരം വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 751 ക്രിമിനില്‍ കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. ആംസ് ആക്ട്, യു.എ.പി.എ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡി.സി.പിമാര്‍ അദ്ധ്യക്ഷരായ മൂന്ന് എസ്.ഐ.ടികളാണ് കേസ് അന്വേഷിക്കുന്നത്- പൊലീസ് വ്യക്തമാക്കി.

കലാപം പെട്ടെന്നുണ്ടായതല്ലെന്നും പിന്നില്‍ സാമൂഹികൈക്യം തകര്‍ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്നും പൊലീസ് പറയുന്നു. ചില കുറുസംഘങ്ങളാണ് കലാപത്തിനു പിന്നില്‍. അവര്‍ക്ക് ചില അജണ്ടകളുണ്ടായിരുന്നു- പൊലീസ് ആരോപിച്ചു.

നേരത്തെ, ജസ്റ്റിസ് എസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച് ഫെബ്രുവരി 26ന് കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ എന്തു കൊണ്ടാണ് കേസെടുക്കാത്തത് എന്ന് ചോദിച്ചിരുന്നു. പ്രകോപന പ്രസംഗങ്ങളില്‍ ഒരു ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ജസ്റ്റിസ് മുരളീധറിനെ സര്‍ക്കാര്‍ തിരക്കിട്ട് സ്ഥലം മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേസെടുക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും എന്നാണ് സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ദേശ് കി ഗദ്ദാറോന്‍ കോ, ഗോലി മാറോ സാലോന്‍ കോ (ദേശവഞ്ചകരെ വെടിവച്ചു കൊല്ലൂ) എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കലാപത്തിന് തൊട്ടു മുമ്പ് ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.