തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി നിശ്ചയിക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലെ ധാരണ. കമ്മീഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പൊരുത്തക്കേടുമെല്ലാം വിശദമായി ചര്‍ച്ച ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായി കേസെടുക്കേണ്ടന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഈ കത്തിലെ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു. നിരന്തരം മൊഴിമാറ്റുകയും മുമ്പു നല്കിയ പരാതികളില്‍ മൊഴി നല്കാന് എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ് സരിത. അതിനാല്‍ സരിതയില്‍ നിന്ന് ആദ്യം വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോയെന്നും പരിശോധിക്കണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആരോപണവിധേയര്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്നും ആവശ്യമെങ്കില്‍ അതിനുശേഷം കേസെടുത്താല്‍ മതിയെന്നുമാണ് തീരുമാനമുള്ളത്.