കറാച്ചി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കറാച്ചിയില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
കറാച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ചൊവ്വാഴ്ച പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആക്രമണം ഉണ്ടാകുമെന്ന്? കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളുടെ മന്ത്രിസഭക്ക് അറിയാമായിരുന്നു. എല്ലാ ഏജന്‍സികളും അതീവ ജാഗ്രതയിലാണ്” ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

അതേസമയം, ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. പ്രസ്താവന അസംബന്ധമാണെന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യ വക്താവിന്റെ മറുപടി. ഇന്ത്യയ്‌ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ഇമ്രാന്‍ തയ്യാറായിട്ടുമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാന്‍ വിഘടനവാദ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രംഗത്തെത്തിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്താനും ആളുകളെ തട്ടിയെടുക്കാനുമായിരുന്നു വിഘടനവാദികള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ ഗ്രനേഡുകളുമായി എത്തിയ നാല് തോക്കുധാരികളാണ് അക്രമം അഴിച്ചുവിട്ടത്. രണ്ട് കാവല്‍ക്കാരെയും ഒരു പൊലീസുകാരനെയും സംഘം കൊലപ്പെടുത്തി. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരരും കൊല്ലപ്പെട്ടു.

SHARE