വെല്ലിങ്ടണ്‍: കോവിഡ് മഹാമാരിയെ ഇച്ഛാശക്തി കൊണ്ടും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പിടിച്ചുകെട്ടി ന്യൂസിലാന്‍ഡ്. കഴിഞ്ഞ നൂറു ദിസവമായി രാജ്യത്ത് ഒരു കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മറ്റു ലോകരാഷ്ട്രങ്ങളെ കോവിഡ് കീഴടക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് ന്യൂസിലാന്‍ഡിന്റെ നേട്ടം.
പല രാജ്യങ്ങളും കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ വെറും 65 ദിവസങ്ങള്‍കൊണ്ടാണ് ന്യൂസിലാന്‍ഡ് കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോല്പിച്ചത്. ഫെബ്രുവരി 26നാണ് ന്യൂസിലാന്‍ഡില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, മെയ് ഒന്നിനു ള്ളില്‍ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നു കാര്യങ്ങളാണ് ന്യൂസിലാന്‍ഡ് നടപ്പാക്കിയത്. ഒന്ന്, അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പുറത്തുനിന്നും വരുന്നവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതിവേണം. ഇവരെ രാജ്യത്തെത്തിയാല്‍ മാറ്റിപ്പാര്‍പ്പിക്കും. ആ നിയന്ത്രണം ഇപ്പോഴും തുടരുന്നു.
രണ്ട്, സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കോവിഡിനെതിരെ ഏറ്റവും ഫലപ്രദമായ രീതിയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ രാഷ്ട്രമാണ് ന്യൂസിലാന്‍ഡ്. മൂന്ന്, സാമൂഹിക അകലം. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്ന ജനത കൂടിയാണ് രാജ്യത്തെ ജനങ്ങള്‍. നേരത്തെ, വെല്ലിങ്ടണിലെ കോഫി ഷോപ്പിലെത്തിയ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡനെ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ പുറത്തു നിര്‍ത്തിയത് രാജ്യാന്തര മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.