ന്യൂഡല്‍ഹി: പഴം-പച്ചക്കറികളില്‍ നിന്ന് നോവല്‍ കൊറോണ വൈറസ് പകരുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ധര്‍. വാട്‌സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പഴം-പച്ചക്കറികളുടെ തൊലികളില്‍ രണ്ടു ദിവസം വരെ കോവിഡ് വൈറസ് തങ്ങി നില്‍ക്കും എന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്. അതു കൊണ്ട് സാലഡുകള്‍ ഒഴിവാക്കേണ്ടതാണ്, വാങ്ങി 48 മണിക്കൂറിന് ശേഷമേ ഉപയോഗിക്കാവൂ, അല്ലെങ്കില്‍ തിളച്ചവെള്ളത്തില്‍ കഴുകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ പഴംപച്ചക്കറികളില്‍ നിന്ന് കോവിഡ് പകരുമെന്നതിന് തെളിവില്ലെന്ന് ഹോങ്കോങ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി വ്യക്തമാക്കി. ഭക്ഷണത്തില്‍ നിന്നും ഭക്ഷണ പായ്ക്കറ്റുകളില്‍ നിന്നും വൈറസ് പടരില്ലെന്ന് നേരത്തെ നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യു.എസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി എന്നീ സ്ഥാപനങ്ങളും വ്യക്തമാക്കിയിരുന്നു.
ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ ചില മുന്‍കരുതല്‍ കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വേവലാതി ഉണ്ടെങ്കില്‍ ഭക്ഷണം 65 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്നു മിനിറ്റ് നേരം വേവിക്കണം. ഏതു വൈറസിന്റെയും സാന്നിദ്ധ്യം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഭക്ഷണത്തില്‍ സോപ്പ് ഉപയോഗിക്കരുത് എന്നും സോപ്പ് കൈകള്‍ക്കുള്ളതാണ് എന്നും പഠനം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.