സി.എ.എ പ്രക്ഷോഭം; വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ചാനലുകള്‍ വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശവുമായാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയത്. പത്തുദിവസത്തിനുള്ളില്‍ മന്ത്രാലയം പുറപ്പെടുവിക്കുന്ന രണ്ടാമത്തെ നിര്‍ദേശമാണിത്.

ഉള്ളടക്കം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ചല്ല പല ദേശീയ ടെലിവിഷന്‍ ചാനലുകളിലെയും പരിപാടി നടക്കുന്നതെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. ദേശവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യംചെയ്യുന്നതോ നിയമവ്യവസ്ഥതയെ വെല്ലുവിളിക്കുന്നതോ ആയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് ചാനലുകള്‍ വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദേശം. ദേശവിരുദ്ധ വികാരം ഇളക്കിവിടുന്ന പരിപാടികള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും ഇത് സംപ്രേഷണം ചെയ്യരുതന്നുമാണ് നിര്‍ദേശത്തിലുള്ളത്.

ഏതെങ്കിലും ഒരു വ്യക്തിയെയോ സംഘടനയെയോ നിശിതമായി വിമര്‍ശിക്കുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അപഖ്യാതിയുണ്ടാക്കുന്നതോ ആയ പരിപാടികള്‍ പ്രക്ഷേപണം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയന്ത്രണ നിയമപ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.