അവിശ്വാസം പാസായി: കാറഡുക്കക്ക് പിന്നാലെ എന്‍മകജെയിലും ബി.ജെ.പിക്ക് ഭരണ നഷ്ടം

കാസര്‍കോട്: ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബുധനാഴ്ച രാവിലെ ചേര്‍ന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും എല്‍.ഡി.എഫ് തുണച്ചതോടെ ബി.ജെ.പിക്ക് എന്‍മകജെയിലും ഭരണംനഷ്ടമായി. 18 വര്‍ഷത്തിന് ശേഷം ബി.ജെ.പിക്ക് ഭരണം നഷ്ടമാകാനിടയായ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തിന് പിന്നാലെയാണ് എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ബി.ജെ.പിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ യു.ഡി.എഫ് അംഗമായ വൈ ശാരദ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയമുണ്ട്. സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസത്തില്‍ നാളെ ചര്‍ച്ച നടക്കും.

17 അംഗ ഭരണ സമിതിയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴുവീതവും എല്‍.ഡി.എഫിന് മൂന്നും സീറ്റുകളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് ലഭിക്കുകയായിരുന്നു. 2016ല്‍ എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നുവെങ്കിലും സി.പി.എമ്മിന്റെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു. സി.പി.ഐ അംഗം യു.ഡി.എഫിനെ പിന്തുണച്ചെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നും അംഗങ്ങളാണ് എന്‍മകജെ പഞ്ചായത്തിലുള്ളത്.

SHARE