ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നും രാജ്യത്തിന്റെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയുടെ പോസ്റ്റുകള്‍ ഒന്നും ചൈന പിടിച്ചെടുത്തിട്ടില്ല. ലഡാക്കില്‍ നമ്മുടെ 20 ജവന്മാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇന്ത്യയ്ക്കു നേരെ കണ്ണുയര്‍ത്തുന്നത് ആരായാലും അവരെ ഒരു പാഠം പഠിപ്പിക്കും. അതിര്‍ത്തിയില്‍ എന്തിനും നമ്മുടെ സൈന്യം സജ്ജമാണ്. നമ്മുടെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കാതിരിക്കാനുള്ള ശേഷി നമുക്കുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. നമ്മുടെ മേഖലയിലേക്ക് ഏതു തിയ്യതിയിലാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്? നമ്മുടെ പ്രദേശത്ത് ചൈനീസ് കടന്നു കയറ്റം ഉണ്ടായി എന്ന് സര്‍ക്കാര്‍ എപ്പോഴാണ് കണ്ടെത്തിയത്? അത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലെ മെയ് അഞ്ചിനായിരുന്നു അല്ലെങ്കില്‍ അതിനു മുമ്പോ? നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സര്‍ക്കാറിന് സ്ഥിരമായി ലഭിക്കാറുണ്ടോ? – എന്നിങ്ങനെ ഏഴു ചോദ്യങ്ങളാണ് സോണിയ ഉന്നയിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ മുതലുള്ള സംഭവങ്ങളും ഇതു സംബന്ധിച്ച വസ്തുതകളും പങ്കുവയ്ക്കണമെന്ന് സോണിയ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. നമ്മള്‍ ഇരുട്ടിലാണ്. ഈ അവസാന ഘട്ടത്തില്‍ പോലും പ്രതിസന്ധിയുടെ നിര്‍ണായകമായ നിരവധി കാര്യങ്ങളെ കുറിച്ച് നമുക്ക് അറിവില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തേണ്ടതുണ്ട്. ചൈന യഥാര്‍ത്ഥ സ്ഥലത്തേക്ക് മടങ്ങിപ്പോകുകയും വേണം. സ്ഥിതിഗതികള്‍ പൂര്‍വ്വ സ്ഥിതിയിലാകുമോ എന്നറിയാന്‍ രാജ്യത്തിനാകെ താത്പര്യമുണ്ട്- അവര്‍ പറഞ്ഞു.

SHARE