ദിലീപിന് ജാമ്യമില്ല; ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജാമ്യം കിട്ടാതെ ദിലീപ്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധിപറയുകയായിരുന്നു.
റിമാന്റിലായ നടന്‍ ദിലീപ് കേരള ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇതോടെ ദിലീപ് ഇനിയും ആലുവ സബ് ജയിലില്‍ റിമാന്റില്‍ തുടരും. റിമാന്റിലായതിന്റെ പത്താം നാളാണ് ദിലീപിന്റെ ജാമ്യഹര്‍ജിയിയിലെ വിധി വന്നിരിക്കുന്നത്. ഈ മാസം 20 ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. നേരത്തെ ആങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നല്‍കിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി പൂര്‍ണമായും അംഗീകരിച്ചുഎന്നാണ് വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണം പൂര്‍ത്തായാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട കോടതി കേസ് ഡയറികൂടി പരിശോധിച്ചശേഷമാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞിരിക്കുന്നത്.

നേരത്തെ ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വാദിച്ചത്.

കേസിന്റെ അന്വേഷണസ്ഥിതി എന്തെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. ഗൂഢാലോചനയുടെ ‘കിംഗ് പിന്‍’ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചത്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ട്, പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസിലെ പ്രധാന കണ്ണിയായ നടന്‍ ദിലീപിന്റെ ജാമ്യം അനുവദിക്കാന്‍ പാടിലെന്നും പ്രോസിക്യൂഷന്‍ കൊടതിയെ അറിയിച്ചു.

എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ കെ രാംകുമാര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.

SHARE