ഇ.വി.എം വിട്ട് ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന പ്രശ്‌നമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡല്‍ഹി തെരഞ്ഞെടുപ്പിലെ അന്തിമ കണക്കുകള്‍ 24 മണിക്കൂര്‍ വൈകിയതിന്റെ പശ്ചാത്തലത്തിലാണ് അറോറയുടെ പ്രസ്താവന. ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കാറോ പേനയോ പോലെയാണ്. അത് സ്വതന്ത്രമായി നില്‍ക്കുന്നതാണ്. 20 വര്‍ഷമായി തെരഞ്ഞെടുപ്പിന് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. സുപ്രിംകോടതി അടക്കമുള്ള കോടതികള്‍ മെഷീനുകള്‍ ശരിയാണെന്ന് വിധിയെഴുതിയിട്ടുണ്ട് അറോറ ചൂണ്ടിക്കാട്ടി.

മാതൃകാ പെരുമാറ്റച്ചട്ടം അടക്കം വിവിധ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളുമായി വരും ദിനങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.