പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുഴക്കിയെന്ന ബി.ജെ.പി വാദം പൊളിഞ്ഞു; തെളിവുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്‌നൗവില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തവര്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന പൊലീസിന്റെയും ബി.ജെ.പിയുടെയും വാദങ്ങള്‍ പൊളിയുന്നു. ബി.ജെ.പി സാമൂഹ്യ മാധ്യമ സെല്‍ തലവനായ അമിത് മാളവ്യയാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളായ റിപ്പബ്ലിക് ടി.വി, സീ ന്യൂസ് തുടങ്ങിയവരും ഇത് ഏറ്റുപിടിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ പൊളിച്ചുകൊണ്ടാണ് ‘ആള്‍ട്ട് ന്യൂസ്’ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന മീററ്റ് എസ്.പി അഖിലേഷ് നാരായണ്‍ സിങ്ങിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നായിരുന്നു പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നുവെന്ന പേരില്‍ മറ്റൊരു വീഡിയോ പ്രചരിച്ചത്. ചിലര്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നും അവര്‍ക്കുള്ള മറുപടിയായാണ് പാക്കിസ്ഥാനിലേക്കു പോകാന്‍ പറഞ്ഞതെന്നും എസ്.പി ന്യായീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹരിയാന ബി.ജെ.പിയുടെ ഐ.ടി സെല്‍ തലവന്‍ അരുണ്‍ യാദവും അതിനുശേഷം മാളവ്യയും ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 13ന് ലഖ്‌നൗവില്‍ എ.ഐ.എം.ഐ.എം നടത്തിയ റാലിയെക്കുറിച്ചായിരുന്നു ആരോപണങ്ങളുയര്‍ന്നത്. എന്നാല്‍ ആള്‍ട്ട് ന്യൂസ് നടത്തിയ വസ്തുതാ പരിശോധനയില്‍ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്നല്ല പ്രതിഷേധക്കാര്‍ വിളിക്കുന്നതെന്നും ‘കാഷിഫ് സാബ് സിന്ദാബാദ്’ ആണെന്നും വ്യക്തമായി. ഇതു വ്യക്തമാക്കുന്നതിനായി ആള്‍ട്ട് ന്യൂസിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയ്‌ക്കൊപ്പം വേഗത കുറഞ്ഞ വീഡിയോ ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്. വായനക്കാര്‍ക്ക് ഇയര്‍ഫോണുകള്‍ ഉപയോഗിച്ചാല്‍ ഇതു കൃത്യമായി കേള്‍ക്കാമെന്നും അവര്‍ പറയുന്നു. മുദ്രാവാക്യത്തില്‍ പറയുന്ന കാഷിഫ് സാബ് അഥവാ കാഷിഫ് അഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ ലഖ്‌നൗ അധ്യക്ഷനാണ്.

പ്രതിഷേധത്തിനിടെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ ഇവയാണ്: അക്ബര്‍ ഉവൈസി സിന്ദാബാദ്, കാഷിഫ് സാബ് സിന്ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്. കാഷിഫ് അഹമ്മദാണ് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് വിളിച്ചു കൊടുക്കുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.

SHARE