ന്യൂഡല്‍ഹി: രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചതിന്റെ പശ്ചാതലത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ കേന്ദ്രം നിലപാട് മാറ്റുന്നു. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ (എന്‍പിആര്‍) സര്‍വേയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ജനങ്ങള്‍ ഉത്തരം നല്‍കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മാതാപിതാക്കളുടെ ജനനസ്ഥലം, തിയതി എന്നിവക്ക് മറുപടി നിര്‍ബന്ധമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്‍പിആറില്‍ സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആശയവിനിമയം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അഞ്ച് പുതിയ ചോദ്യങ്ങളാണ് എന്‍പിആറില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കേണ്ടതില്ല. ഇത് ഇച്ഛാനുസൃതമായി ഉത്തരം നല്‍കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍പിആറിലെ വിവാദ ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള മുന്നോടിയായാണ് എന്‍പിആറില്‍ ഇത്തരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സംസ്ഥാനങ്ങള്‍ അറിയിച്ചത്. തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്രം പുതിയ നിലപാട് എടുത്തത്. അതേ സമയം കോണ്‍ഗ്രസ് എന്‍. പി. ആര്‍ കൊണ്ടുവന്നപ്പോള്‍ സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ ഇതിനെതിരെ ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.