സര്‍വകലാശാലകളിലെ സംഘപരിവാര്‍ അക്രമം; പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

ന്യൂഡല്‍ഹി: ജെ.എന്‍.യു, ജാമിഅ മില്ലിയ സര്‍വകലാശാലകളിലെ അക്രമം സംബന്ധിച്ച പി.വി അബ്ദുല്‍ വഹാബ് എം. പിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് നേരെയുണ്ടായ സംഘ്പരിവാര്‍ അക്രമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ എം.പി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി മറുപടി നല്‍കിയില്ല.
രണ്ട് സര്‍വകലാശാലകളിലുമുണ്ടായ അക്രമങ്ങളില്‍ എത്ര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു, ഈ കേസുകളുടെ നിലവിലെ അന്വേഷണ പുരോഗതി, അക്രമം നടത്തിയതിന്റെ പേരില്‍ എത്ര പേരെ അറസ്റ്റ് ചെയ്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇതിനുള്ള കാലതാമസമെന്താണെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടിരുന്നത്. ദിവസങ്ങളായി രാജ്യത്തെ പ്രമുഖമായ രണ്ട് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ സംഘ്പരിവാര്‍ തീവ്രവാദികളുടെ ആക്രമത്തിനിരയാകുന്ന സംഭവങ്ങള്‍ രാജ്യത്തെയാകമാനം ഞെട്ടിക്കുന്നതാണ്.
വളരെ ഗൗരവമേറിയ, രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന അക്രമ സംഭവങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന ഉദാസീന നിലപാട് അത്യന്തം ഹീനമാണെന്ന് പി.വി അബ്ദുല്‍ വഹാബ് പറഞ്ഞു.