ഫസല്‍ വധക്കേസ്; കണ്ണൂരില്‍ പ്രവേശിക്കാനുള്ള കരായി രാജന്റെയും ചന്ദ്രശേഖരന്റെയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
2012 ജൂണ്‍ ആറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു സി.പി.എം നേതാക്കളും കേസിലെ ഏഴും എട്ടും പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇരുവര്‍ക്കും ഹൈക്കോതി എറണാകുളം ജില്ലയില്‍ താമസിക്കണമെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ജാ്മ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും 2014 ല്‍ തന്നെ തള്ളിയിരുന്നു. ഇതിനിടെ കാരായിമാര്‍ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി കിട്ടുന്നതിനു എറണാകുളം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ പുനപരിശോധന ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2018 ല്‍ ഇവര്‍ വീണ്ടും ജാമ്്യവ്യവസ്ഥയില്‍ ഇളവാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും തള്ളി. ഇതേ തുടര്‍ന്നു ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള പുനപരിശോധന ഹരജി സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിചാരണ നടപടികള്‍ വൈകുകയാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഭാര്യയും കുടുംബവും കണ്ണൂരിലാണുള്ളതെന്നും എറണാകുളത്ത് ജീവിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. വിചാരണ നീണ്ടുപോകുന്നതിനു കാരണം ഹൈക്കോടതി രജിസ്ട്രി മുഖേന അന്വേഷിച്ച റിപോര്‍ട്ട് കോടതി പരിശോധിച്ചു. പുനപരിശോധന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഫയല്‍ ഹൈക്കോടതിയിലായതാണ് വിചാരണ വൈകാന്‍ കാരണമെന്നു ബോധിപ്പിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള പുനപരിശോധന ഹരജികള്‍ എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നു സുപ്രിംകോടതി വിധിയുണ്ടെന്നും എന്നാല്‍ ഹരജിക്കാര്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിയിലെക്ക് വിചാരണ കോടതിയിലെ ഫയലുകള്‍ നല്‍കുമ്പോള്‍ പകര്‍പ്പുകള്‍ നല്‍കി ഒറിജിനല്‍ പെട്ടെന്നു തന്നെ തിരികെ നല്‍കണമെന്നതാണ് സുപ്രിംകോടതി നിര്‍ദ്ദേശമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള രേഖകള്‍ എത്രയും പെട്ടെന്നു വിചാരണ കോടതിക്ക് നല്‍കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. വിചാരണ കോടതിയില്‍ രേഖകള്‍ ലഭിക്കുന്ന മുറയ്ക്കു വിചാരണ നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബത്തിലും മറ്റും നടക്കുന്ന ചടങ്ങുകള്‍ക്കും മറ്റും പങ്കെടുക്കുന്നതിനു വിചാരണ കോടതി അനുമതി നല്‍കാറുണ്ടെന്നും വ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഗോപാലപേട്ട സിപി.എം ബ്രാഞ്ച് അംഗവും അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്ന വിരോധം വച്ചു 2006 ഒക്ടോബര്‍ 22 നു പുലര്‍ച്ചെ പത്രവിതരണത്തിനു സൈക്കിളില്‍ പോകവെ വെട്ടിക്കൊലപ്പടുത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്.

SHARE