4 ജി ഇന്റര്‍നെറ്റിനായി കശ്മീര്‍ ഇനിയും കാത്തിരിക്കണം; പുനഃസ്ഥാപിക്കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 4ജി ഇന്‍ര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര-കശ്മീര്‍ ഭരണകൂടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. ആഭ്യന്തര മന്ത്രാലയത്തിലെയും ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷനിലെയും സെക്രട്ടറിമാര്‍ അടങ്ങുന്നതാകണം സമിതി.

‘ദേശസുരക്ഷയും മനുഷ്യാവകാശവും സന്തുലിതമായിരിക്കണം എന്ന് ഈ കോടതി ഉറപ്പു വരുത്തുന്നു. കശ്മീര്‍ ഒരു പ്രതിസന്ധിയിലേക്ക് വീണത് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അതേസമയം, മഹാമാരിയുടെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളിലും കോടതിക്ക് ഉത്കണ്ഠയുണ്ട്’ – ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനും ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

നേരത്തെ, ഏപ്രില്‍ 29ന് കേസില്‍ വാദം കേട്ട വേളയില്‍ ഇന്റര്‍നെറ്റ് മൗലിക സ്വാതന്ത്ര്യത്തില്‍ പെട്ടതല്ല എന്ന് കശ്മീര്‍ ഭരണകൂടം വാദിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനാണ് ഇന്റര്‍നെറ്റിന്റെ വേഗം കുറയ്ക്കുന്നതെന്നും കശ്മീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അവകാശപ്പെട്ടിരുന്നു.