‘ഡിജിപിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധം’; എന്‍കെ പ്രേമചന്ദ്രന്‍

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഐടി വകുപ്പ് ഫെല്ലോയായ അരുണ്‍ ബാലചന്ദ്രനുമായി ഡിജിപിക്ക് ബന്ധമുണ്ടെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഡിജിപിയുടെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. ശിവശങ്ക!ര്‍ നടത്തിയതിനേക്കാള്‍ ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപി ബെഹ്‌റ നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

റേഷന്‍ കടകളിലെ ഇ പോസ് മെഷിന്‍ സ്ഥാപിക്കാനുള്ള ടെണ്ടറില്‍ പൊതുമേഖല സ്ഥാപനമായ പാലക്കാട് ഐടിഐയെ ഒഴിവാക്കി വിഷന്‍ ടെക്കിന് കരാര്‍ നല്‍കിയതിലും ഗുരുതര അഴിമതിയുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു.