‘ഞാന്‍ മേരിക്കുട്ടി’; സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണം

ഫസീല മൊയ്തു

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു തന്ന ചാന്ത്‌പൊട്ട് സ്റ്റൈല്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം ഐഡന്റിറ്റിക്കു വേണ്ടി പൊരുതുന്ന ട്രാന്‍സ്‌ജെന്റര്‍ വുമണിന്റെ കഥ പറയുന്ന സിനിമയാണിത്. ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന നടന്‍ ജയസൂര്യക്കൊപ്പം സിനിമയില്‍ നായികയായി ജുവല്‍മേരിയും എത്തുന്നു.

ഐഡന്റിറ്റി നിലനിര്‍ത്താനുള്ള ഓരോ ട്രാന്‍സ്ജന്റുകളുടേയും ജീവിതം അത്യധികം ദുരിതപൂര്‍ണ്ണമാക്കുന്നതും സമൂഹത്തില്‍ അവര്‍ക്ക് സ്വസ്ഥമായ ജീവിതം പ്രയാസകരമാക്കുന്നതും നമ്മളോരോരുത്തരും തന്നെയാണെന്ന് ഒട്ടും മനസ്സിലാവാത്തത് നമുക്ക് തന്നെയാണ്. ഇത് മനസ്സിലാക്കിത്തരാനും അവരെ അടുത്തറിഞ്ഞ് കൂടെ ചേര്‍ക്കാനും ഈ സിനിമ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തോടുള്ള അവഗണനയും അവരെ ആക്രമിക്കുന്നതും വിനോദമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു സമൂഹത്തിലേക്ക് കൃത്യമായ ഐഡന്റിറ്റിയോടെയാണ് ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്. ഓരോ സീനിലും അഭിനയ മികവ് പുലര്‍ത്തുന്ന ജയസൂര്യ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ആണ്‍ശരീരത്തില്‍ മെയ് വഴക്കമുള്ള പെണ്‍ശരീരമായി അഭിനയിക്കുമ്പോഴും ജയസൂര്യ അമിതാഭിനയത്തെ തടയിടുന്നുണ്ട്. ഇക്കാലയളവില്‍ മികച്ച സിനിമകളില്‍ വേഷമിട്ട ജയസൂര്യക്ക് ഞാന്‍ മേരിക്കുട്ടിയും ഒരു പൊന്‍തൂവലാകുമെന്ന് ഉറപ്പാണ്.

27 വയസ്സുവരെ ആണായി ജീവിച്ച മേരിക്കുട്ടി 27-ാം വയസ്സില്‍ തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണായി മാറുന്നതാണ് ചിത്രം പറയുന്ന കഥ. ജീവിക്കാനുള്ള സ്ഥിരതക്കുവേണ്ടി കണ്ടെത്തുന്ന ജോലിയിലേക്കുള്ള വെല്ലുവിളി നിറഞ്ഞ വഴികളാണ് സിനിമയിലെ ഓരോ രംഗവും. എസ്.ഐ പോസ്റ്റിലേക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന നിയമക്കുരുക്കളും പൊലീസ് വിഭാഗത്തിന്റെ ആക്രമണവുമൊക്കെ മേരിക്കുട്ടിയിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്നുപോലും അവഗണന ഏറ്റുവാങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്ററുകളെന്ന വേദനിപ്പിക്കുന്ന സത്യം ഞാന്‍ മേരിക്കുട്ടിയില്‍ പ്രതിഫലിക്കുന്നു. ഇന്നസെന്റ്, ജുവല്‍മേരി, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു. സംഗീതം കൊണ്ടും ആസ്വാദ്യകരമാവുന്ന സിനിമയുടെ തിരക്കഥയും മെച്ചപ്പെട്ടതാണ്.

തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കുറ്റവാളികളാക്കുന്നത് അവരെ തെറ്റായ വഴികളിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നുമെന്ന യാഥാര്‍ത്ഥ്യം സമൂഹം തിരിച്ചറിയുന്നതോടെ ട്രാന്‍സ്‌ജെന്ററുകള്‍ക്കും സ്വസ്ഥമായ ജീവിതം ഇവിടെ സാധ്യമാകുമെന്ന് തീര്‍ച്ചയാണ്. അതിലേക്കുള്ള സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണമായാണ് ‘ഞാന്‍ മേരിക്കുട്ടി’ അനുഭവപ്പെടുന്നത്.