നിസമാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിഞ്ഞു

ഡല്‍ഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത 45 പേരെ തിരിച്ചറിഞ്ഞു. ഏഴു ജില്ലയില്‍ നിന്നുള്ളവരെയാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നിന്ന് 14 പേരും ആലപ്പുഴയില്‍ നിന്ന് എട്ടു പേരുമാണ് പങ്കെടുത്തത്. കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ആകെ 1,830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാര്‍ച്ച് മദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു. 281 വിദേശികളും പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

മാര്‍ച്ച് മദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുത്തു എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. എട്ടായിരം പേര്‍ പങ്കെടുത്തു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുത്ത 30 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എട്ടു പേര്‍ മരിക്കുകയും ചെയ്തു.

രണ്ട് ദിവസത്തിനിടെ 281 വിദേശികളെയാണ് നിസാമുദ്ദീന്‍ ക്യാംപസില്‍ പൊലീസ് കണ്ടെത്തിയത്. ഇവരില്‍ 19 പേര്‍ നേപ്പാളികളാണ്. മലേഷ്യയില്‍ നിന്ന് 20 പേരും അഫ്ഗാനിസ്താനില്‍ നിന്ന് ഒരാളും. മ്യാന്മറില്‍ നിന്ന് 33 പേരും അല്‍ജീരിയ, ജിബൂത്തി എന്നിവിടങ്ങളില്‍ നിന്ന് ഒരാളും പങ്കെടുത്തു. കിര്‍ഗിസ്ഥാനില്‍ നിന്ന് 28 ഉം ഇന്തോനേഷ്യയില്‍ നിന്ന് 72 ഉം തായ്ലാന്‍ഡില്‍ നിന്നും ഏഴും ആളുകള്‍ വന്നു. 34 പേര്‍ അയല്‍രാജ്യമായ ശ്രീലങ്കയില്‍ നിന്നും 19 പേര്‍ ബംഗ്ലാദേശില്‍ നിന്നുമാണ്. ഇംഗ്ലണ്ടില്‍ നിന്ന് മൂന്നും സിംഗപൂരില്‍ നിന്ന് ഒരാളും ഫിജിയില്‍ നിന്ന് ഒരാളുമെത്തി. ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍ ഇന്ന് ഒരോ ആള്‍ വീതവും. ഇവരില്‍ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചതായാണ് വിവരം. ഇവര്‍ ബന്ധപ്പെട്ടയാളുകളെ തെരഞ്ഞുപിടിക്കുക വലിയ വെല്ലുവിളിയാണ്. എങ്കിലും അതിനുള്ള തീവ്ര യത്നത്തിലാണ് അധികൃതര്‍. മുന്നൂറ് പേരെ ഇതിനകം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ തെക്കുകിഴക്കുള്ള നിസാമുദ്ദീന്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ്. പള്ളിയോട് ചേര്‍ന്നു മാത്രം ആയിരത്തിലധികം പേര്‍ താമസിക്കുന്നുണ്ട്. ഇവരെ ഇവിടെ നിന്നു മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.

SHARE