2018-ല്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2018-ല്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജരാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. അടുത്ത സെപ്തംബറോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് പൂര്‍ണ്ണമായും സജ്ജമാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഒ.പി റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയെന്ന ആവശ്യം നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ എന്താണ് വേണ്ടതെന്ന് കേന്ദ്രം തെരഞ്ഞെടുപ്പു കമ്മീഷനോടു ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പമുള്ള വി.വിപാറ്റ് വാങ്ങുന്നതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരുന്നു. വി.വിപാറ്റിനായി സര്‍ക്കാര്‍ 34,00 കോടിയും ഇ.വി.എമ്മുകള്‍ക്കായി 12,000കോടിയും സര്‍ക്കാര്‍ അനുവദിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ ഏതാണ്ട് 40ലക്ഷം ഇ.വി.എമ്മുകളും വി.വിപാറ്റുകളുമാണ് ആവശ്യമായി വരുന്നത്.

SHARE