സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍പോളി

സെക്രട്ടേറിയറ്റ് പടിക്കല്‍ അനിയന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍പോളി. ശ്രീജിത്തിന് നീതി ലഭിക്കണമെന്നും ഈ പോരാട്ടത്തില്‍ ശ്രീജിത്തിനൊപ്പമാണെന്നും നിവിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രീജിത്തിനെക്കുറിച്ച് പുറംലോകമറിഞ്ഞപ്പോള്‍ ശ്രീജിത്തിന് പിന്തുണയേറി വരികയാണ്.

‘ശ്രീജിത്തിന്റെ 762 ദിവസത്തെ സമരം ഹൃദയഭേദകമാണ്. സഹോദരന്റെ മരണത്തിന് പിന്നിലുള്ള സത്യം അറിയാന്‍ ശ്രീജിത്തിന് അവകാശമുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. സഹോദരാ, ഞാന്‍ നിന്നോടൊപ്പമുണ്ട്’-നിവിന്‍പോളി പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റ് പടിക്കല്‍ ശ്രീജിത്തിന് പിന്തുണയുമായി ഒരു കൂട്ടം ആളുകളും പ്രതിപക്ഷപാര്‍ട്ടികളും എത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തി.