അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു

അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ കിട്ടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് നിതിന്‍പട്ടേലിന്റെ നീക്കം. ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് നിതിന്‍ പട്ടേല്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണിയും മുഴക്കിയിരുന്നു. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയക്കുകയും ചെയ്തു.

നിതിന്‍പട്ടേല്‍ ഇടഞ്ഞുനിന്നതോടെ പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ നിതിനെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. അര്‍ഹിച്ച സ്ഥാനം നല്‍കാമെന്നായിരുന്നു ഹാര്‍ദ്ദികിന്റെ വാഗ്ദാനം. തുടര്‍ന്ന്് വിജയ് രൂപാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ പാര്‍ട്ടിയുമായ ഇടഞ്ഞ നിതിന്‍ പട്ടേലിന് പിന്തുണ കൂടിയിരുന്നു.

നിതിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്.പി.ജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലാണ് ഒടുവില്‍ രംഗത്തെത്തി. ഇതോടെ വിജയ് രൂപാണിക്ക് കീഴിലുള്ള പുതിയ മന്ത്രിസഭയുടെ ഭാവി അനിശ്ചിത്വത്തിലായെന്നാണ് കരുതിയത്. പക്ഷേ, പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലില്‍ നിതിന്‍പട്ടേല്‍ ധനകാര്യമന്ത്രിയായിത്തന്നെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.