‘വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ജനം പ്രഹരിക്കും’; മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരുന്നാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ ബി.ജെ.പി പോഷകസംഘടനയുടെ പരിപാടിക്കിടെയായിരുന്നു ഗഡ്കരിയുടെ വിമര്‍ശനം.

സ്വപ്‌ന വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ അതേ രാഷ്ട്രീയക്കാര്‍ക്ക് ആ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രഹരിക്കും. അതുകൊണ്ട് തന്നെ നിറവേറ്റാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

താന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് നൂറു ശതമാനം ഉറപ്പായും പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, മോദിക്കെതിരെ വിമര്‍ശനവുമായി ഗഡ്ഗരി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയിലെ ചില ആളുകള്‍ സംസാരം കുറക്കേണ്ടതുണ്ടെന്നും 2014-ല്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്നും ഗഡ്കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തിലുളള പുതിയ പരാമര്‍ശവും.

SHARE