അമിത് ഷായെ കാണാനില്ല, ഗഡ്കരിക്ക് കൂടുതല്‍ ദൃശ്യത; ബി.ജെ.പിയില്‍ അധികാര സമവാക്യങ്ങള്‍ മാറുന്നു

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ അധികാര സമവവാക്യങ്ങള്‍ മാറുന്നതിന്റെ സൂചന നല്‍കി കോവിഡ് കാലം. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ ഉണ്ടാകേണ്ടിയിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ തീര്‍ത്തും അദൃശ്യനും നിഴലില്‍ കഴിയുകയായിരുന്ന ഉപരിതല ഗതാഗത-ഇടത്തരം വ്യവസായ വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി കൂടുതല്‍ കാണപ്പെട്ടു തുടങ്ങുകയും ചെയ്തിട്ടുണ്ടിപ്പോള്‍. പാര്‍ട്ടിയിലെയും മന്ത്രിസഭയിലും സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചന ആയാണ് രാഷ്ട്രീയ വിദഗദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

രണ്ടാം മോദി മന്ത്രിസഭയുടെ തുടക്കകാലത്ത് ഏറ്റവും കൂടുതല്‍ മാദ്ധ്യമശ്രദ്ധ കിട്ടിയ മന്ത്രിയായിരുന്നു അമിത് ഷാ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞും പൗരത്വഭേദഗതി നിയമം അവതരിപ്പിച്ചും അദ്ദേഹം ഡല്‍ഹിയില്‍ നിറഞ്ഞു നിന്നു. ഒരുപക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഷായുടെ നിഴലിലായ ഘട്ടമുണ്ടായി. പിന്നാലെയാണ് കോവിഡ് മഹാമാരിയെത്തിയത്.

കോവിഡിനെ നേരിടാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇടവേളകളില്‍ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കുന്നുണ്ടെങ്കിലും ഇതിലൊന്നും അമിത് ഷായെ ദൃശ്യമല്ല. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടു കാര്യങ്ങള്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റം തീരുമാനിച്ചതു പോലും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടായിരുന്നു.

അമിത് ഷാ

രണ്ടാം മോദി സര്‍ക്കാറില്‍ രണ്ടാമനായി അധികാരമേറ്റെടുത്ത അമിത് ഷായുടെ ഗ്രാഫ് കുത്തനെ താഴ്ന്നത് ഈയിടെ നടന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പോടു കൂടിയാണ്. തൊട്ടുപിന്നാലെയേറ്റ ഡല്‍ഹിയിലെ പരാജയം മുറിവില്‍ ഉപ്പു തേക്കുന്നതു പോലെയായി. ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം അമിത് ഷായ്‌ക്കേറ്റ ഏറ്റവും വലിയ അടിയായി. നിരവധി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ കലാപം തടയുന്നതില്‍ സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാണിച്ചത് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി.

അതിനിടെ, അമിത് ഷാക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ സമ്പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ശനിയാഴ്ച സാമൂഹിക മാദ്ധ്യമങ്ങളില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയായ നിതിന്‍ ഗഡ്കരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ വ്യാവസായിക സമിതികളുമായും അസോസിയേഷനുകളുമായും ചര്‍ച്ച നടത്തുന്നത് ഗഡ്കരിയാണ്. സാധാരണ ഗതിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ചെയ്യേണ്ട ജോലിയാണിത്. വിശാഖപട്ടണം വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അടിയന്തര യോഗത്തില്‍ ഷാ മുഖം കാണിച്ച വേളയില്‍, ഗഡ്കരി ഓട്ടോ വ്യവസായ പ്രതിനിധികളുമായും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗങ്ങളുമായും ചര്‍ച്ചയിലായിരുന്നു.

നിതിന്‍ ഗഡ്കരി


നേരത്തെ, പാര്‍ട്ടിയിലെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ധൈര്യപൂര്‍വ്വം സംസാരിച്ച ഏക ബി.ജെ.പി നേതാവും ഗഡ്കരിയാണ്. തെരഞ്ഞെടുപ്പു തോല്‍വികളുടെ പശ്ചാത്തലത്തില്‍, ജയത്തിന്റെ മാത്രമല്ല, തോല്‍വിയുടെ ഉത്തരവാദിത്വങ്ങള്‍ കൂടി നേതൃത്വം ഏറ്റെടുക്കേണ്ടതുണ്ട് എന്ന ഗഡ്കരിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ആര്‍.എസ്.എസുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗഡ്കരിയെ തൊടാന്‍ മോദിക്കും ഷായ്ക്കും ഇതുവരെ ആയിട്ടില്ല.