കോവിഡിനെ പ്രതിരോധിക്കല്‍ ലക്ഷ്യം; യുവി ബോക്‌സ് വികസിപ്പിച്ച് എന്‍ഐടി

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കല്‍ ലക്ഷ്യമിട്ട് എന്‍ഐടി ഗവേഷകര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഓഫീസ് സാമഗ്രികള്‍ നിമിഷങ്ങള്‍ക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണം നിര്‍മിച്ചിരിക്കുകയാണ് എന്‍.ഐ.ടി. ഗവേഷകര്‍. ഫയലുകള്‍, കവറുകള്‍, ബാഗുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയയെല്ലാം യു.വി. ബോക്‌സില്‍ വെച്ച് അണുവിമുക്തമാക്കാം. കോവി മോട്ട് എന്ന് പേരിട്ടിരിക്കുന്ന ഓട്ടോമാറ്റിക് ഇലക്േട്രാണിക് ഉപകരണം കോവിഡ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

രണ്ട് യു.വി. ട്യൂബ് ലൈറ്റുകള്‍ ഘടിപ്പിച്ച പെട്ടിയാണ് ഉപകരണം. ട്യൂബ് ലൈറ്റില്‍നിന്ന് 254 നാനോ മീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ പ്രവഹിക്കുന്നു. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ ഓസോണ്‍ വാതകവും ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രണ്ടും ബാക്ടീരിയ, വൈറസ് ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികളെ നിര്‍വീര്യമാക്കുന്നു. പെട്ടിയില്‍ നിക്ഷേപിക്കുന്ന വസ്തുക്കള്‍ ഒരുമിനിറ്റിനകം അണുവിമുക്തമാവും. നിലവിലുള്ള ഉപകരണങ്ങളില്‍ അഞ്ചുമിനിറ്റിലേറെ സമയമെടുക്കും.

എന്‍.ഐ.ടി.യിലെ ഫയലുകളെല്ലാം കോവി മോട്ട് ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഇരുപതിനായിരം രൂപയാണ് നിര്‍മാണച്ചെലവ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഉപകരണം നിര്‍മിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നടക്കം അന്വേഷണം വരുന്നുണ്ട്. എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം എന്‍.ഐ.ടി. അധ്യാപകരായ പ്രൊഫ. സോണി വര്‍ഗീസ്, അസി. പ്രൊഫസര്‍ ബൈജു ജി. നായര്‍, അസി. പ്രൊഫസര്‍ വി. സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഡോ. മനീഷ് സി. ചന്ദ്രന്‍, ഗവേഷണ വിദ്യാര്‍ഥി ആര്‍. അരുണ്‍, എം.ടെക്. വിദ്യാര്‍ഥി ശ്രീശാന്ത് എന്നിവരടങ്ങിയ സംഘമാണ് ബോക്‌സ് നിര്‍മിച്ചത്. ഡീനുമാരായ ഡോ. എസ്.ഡി. മധുകുമാര്‍, ഡോ. എസ്. അശോക് എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.

SHARE