ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ രൂപംകൊണ്ട ഇരട്ട ന്യൂനമര്‍ദ്ദവും കാലവര്‍ഷത്തിന്റെ വരവും കാരണം സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടാല്‍ ‘നിസര്‍ഗ’ എന്ന പേരിലാകും അറിയപ്പെടുക. ബുധനാഴ്ചയോടെ ന്യൂനമര്‍ദ മേഖല ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇന്നും നാളെയും ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

SHARE