കോട്ടയം: മകന് മുഹമ്മദ് ബിലാല്‍ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്ന് പിതാവ് നിസാം. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ മകനെ തൂക്കികൊല്ലട്ടെ എന്നും താന്‍ അതില്‍ ഇടപെടില്ലെന്നും പിതാവ് പറഞ്ഞു. മുമ്പ് പല തവണ ബിലാല്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഹരിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മകന് എന്നും ക്രൂരസ്വഭാവമാണെന്നും പിതാവ് പറഞ്ഞു.
ഭക്ഷണം ശരിയായിട്ടു കഴിക്കാതെ മൊബൈല്‍ ഫോണില്‍ പബ്ജി മാത്രം കളിച്ചു കൊണ്ടിരിക്കുകയും പിന്നീട് വീട് വിട്ട് ഇറങ്ങി പോകുകയും ചെയ്യുന്ന തരം വിചിത്ര സ്വഭാവമായിരുന്നു മകന്റേതെന്നും നിസാം പറഞ്ഞു. കഴിഞ്ഞ ദിവസം മകന് മാനസിക പ്രശ്നങ്ങളുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അതേസമയം, പിടിയിലായ മുഹമ്മദ് ബിലാല്‍ ബുദ്ധിമാനായ ക്രിമിനിലാണെന്ന് പോലീസ് വെളിപ്പെടുത്തി. ബിലാലിന്റെ പിതാവ് നിസാം ഹമീദ് മകനെ ഒരു തരത്തിലും പിന്തുണക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബ സാലി (60) യെയാണ് കഴിഞ്ഞ ദിവസം മുഹമ്മദ് ബിലാല്‍ എന്ന ഇവരുടെ പരിചയക്കാരന് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലി(65)ക്ക് ബിലാലിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. കൊല നടത്തി സ്വര്‍ണവും പണവും അപഹരിച്ച ശേഷം ബിലാല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി
നേരത്തെ, മുഹമ്മദ് ബിലാലിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന് പിതാവ് നിസാം ഹമീദ് പറഞ്ഞിരുന്നു. ഷീബ കൊല്ലപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ തന്നെ മകനെ സംശയിച്ചിരുന്നതായും നിസാം ഹമീദ് പറഞ്ഞു. മകനെ മുന്‍പ് ഡോക്ടര്‍മാരെ കാണിച്ചിരുന്നെന്നും നിസാം വെളിപ്പെടുത്തി. എന്നാല്‍ പിതാവിന്റെ വാദങ്ങള്‍ പോലീസ് തള്ളി. ബിലാല്‍ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ബിലാലിന്റെ സഹായത്തോടെ തന്നെ ഷീബയുടെ വീട്ടില്‍ നിന്ന് അപഹരിച്ച വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബിലാലിന്റെ മൊഴി അനുസരിച്ച് തന്നെ അവ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു. ബിലാലിന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ഇപ്പോഴും ചികിത്സ തുടരുന്നുണ്ടെന്നാണ് പിതാവ് പറയുന്നത്. കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കാനായി ബിലാല്‍ ശ്രമിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
തെളിവ് നശിപ്പിക്കാനായി മൊബൈല്‍ ഫോണുകള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ എറിഞ്ഞു കളഞ്ഞെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കുറ്റം നടത്തിയ ശേഷം അടുക്കളയില്‍ നിന്ന് ഗ്യാസ് കുറ്റി എടുത്തു കൊണ്ട് വന്ന് ഗ്യാസ് തുറന്നു വിടുകയും ഷീബയെയും സാലിയെയും ഷോക്കടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ക്രൂരകൃത്യങ്ങളുടെ രീതി അറിഞ്ഞപ്പോള്‍ തന്നെ ബിലാല്‍ തന്നെയാണ് ഇത് ചെയ്തതെന്ന് സംശയമുണ്ടായിരുന്നതായി പൊലീസിനോട് പറഞ്ഞിരുന്നെന്ന് പിതാവ് പറഞ്ഞു.