സാമ്പത്തിക പാക്കേജ്; ധനമന്ത്രി നിര്‍മല സീതാരാമന്‍ 4 മണിക്ക് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യം നാലാം ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനികരിക്കെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും.

വൈകുന്നേരം 4 മണിക്ക് അഭിസംബോധന ചെയ്യുന്ന മന്ത്രി സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതിയുടെ വിശദാംശങ്ങള്‍ ഒന്നും മോദി വ്യക്തമാക്കിയിരുന്നില്ല. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം വരുന്ന പദ്ധതി നിലവിലെ സ്ഥിതിയില്‍ എങ്ങനെ മോദി സര്‍ക്കാര്‍ നടപ്പാക്കുമെന്ന സംശയമാണ് സാമ്പത്തിക വിദഗ്ധര്‍ ഉന്നയിക്കുന്നത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. #NoUlluBanaoingModiji ഹാഷ്ടാഗുമായി രംഗത്തെത്തിയ കോണ്‍ഗ്രസ്, പ്രധാനമന്ത്രി മോദിയുടെ പൊള്ളയായ മുന്‍കാല വാഗ്ദ്ധാനങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുന്നയിക്കുന്നത്.

100 ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചുപിടിക്കും, ഗംഗയെ ശുദ്ധീകരിക്കും, ഭീകരവാദത്തിന് അന്ത്യം കുറിക്കും എന്നീ വാഗ്ദാനങ്ങള്‍ എഴുതിയ പേന കൊണ്ട് ആവരുതേ 20 ലക്ഷം കോടിയുടെ പാക്കേജ് തയാറാക്കിതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു. ‘പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനായി കാത്തിരിക്കുകയായിരുന്നു. വൈകിയായാണെങ്കിലും വന്നല്ലോ. ഇതിനെ സ്വാഗതം ചെയ്യുന്നു. വിശദമായ പ്രഖ്യാപനം വരുമ്പോഴെ ഏതൊക്കെ മേഖലകള്‍ക്കാണ് പാക്കേജിന്റെ നേട്ടം ലഭിക്കുമെന്ന് മനസിലാകൂ’ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘഹ്ലോട്ട് പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കായി ന്യായ് പദ്ധതി രൂപത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് മോദി സര്‍ക്കാറിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.