ജനുവരി 22 ജീവിതത്തിലെ സുപ്രധാന ദിവസമായിരിക്കും; നിര്‍ഭയയുടെ അമ്മ

തന്റെ ജീവിതത്തിലെ പ്രധാന ദിവസമായിരിക്കും ജനുവരി 22 എന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. ഏഴ് വര്‍ഷത്തിലേറെയായി ഈ ദിവസത്തിനായുള്ള പോരാട്ടത്തിലായിരുന്നെന്നും അവര്‍ പറഞ്ഞു. നിര്‍ഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ഹര്‍ജി തള്ളിയ കോടതി നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. കോടതി തീരുമാനം സന്തോഷം നല്‍കുന്നതാണെന്നും ആശാദേവി പ്രതികരിച്ചു.

വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി തള്ളി. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജനുവരി 22ന് രാവിലെ ഏഴ് മണിക്ക് തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. 2012 ഡിസംബര്‍ 16 നായിരുന്നു സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാന്‍ ബസ് കാത്തിരിക്കുകയായിരുന്ന ഫിസിയോതെറപ്പി വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയാക്കുന്നത്. 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലാണ് നിര്‍ഭയ മരിച്ചത്.

SHARE