നിര്‍ഭയ കേസ്; പ്രതികളെ തൂക്കിക്കൊല്ലുന്നത് 16ന്? തൂക്കിലേറ്റാന്‍ സന്നദ്ധത അറിയിച്ച് മലയാളിയും


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന വാര്‍ത്ത നേരത്തെ തിഹാര്‍ ജയിലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് തിഹാര്‍ ജയിലിലേക്ക് തൂക്കിക്കൊല്ലാന്‍ തങ്ങള്‍ തയ്യാറാണെന്നും പറഞ്ഞ് കത്തയച്ചിരിക്കുന്നത്. അയച്ച കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് നിന്നും തൂക്കിലേറ്റാന്‍ തയ്യാറായി ആളുകള്‍ കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് കാണിച്ച് കത്തയച്ചിരിക്കുന്നത്.

ലണ്ടന്‍, അമേരിക്ക നാടുകളില്‍ നിന്നു വരെ തൂക്കിക്കൊല്ലാം എന്നേറ്റ് കത്തുകളയച്ചിട്ടുണ്ട്. ഡിസംബര്‍ 16ന് തൂക്കിലേറ്റിയേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.

ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാന്‍ നിയമം അനുശാസിക്കുന്ന എല്ലാവിധ മാര്‍ഗങ്ങളും പ്രതികള്‍ക്ക് നല്‍കി. ഈ സാഹചര്യത്തില്‍ പ്രതികളുടെ ശിക്ഷ ഈ മാസം തന്നെ നടപ്പാക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ്, പവന്‍ ഗുപ്ത എന്നീ പ്രതികള്‍ ഏഴ് വര്‍ഷമായി നിര്‍ഭയയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ്. നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിഹാര്‍ ജയില്‍ സൂപ്രണ്ട് കത്ത് കൈമാറിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഈ മാസം 17ന് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ വധശിക്ഷ ഡിസംബര്‍ 17ന് മുന്‍പ് ഉണ്ടാകില്ല. നിര്‍ഭയ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ രാം സിങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. പ്രായ പൂര്‍ത്തിയാകാത്തയാള്‍ 2015ല്‍ ജയില്‍ മോചിതനായി. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ വച്ച് നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായത്.

SHARE