നിര്‍ഭയ കേസ്: തീഹാറില്‍ ഡമ്മി തൂക്കിലേറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ ഡമ്മി തൂക്കിലേറ്റി. പ്രതികളുടെ ഭാരം വരുന്ന ഡമ്മിയാണ് മുന്നൊരുക്കത്തിന്റെ ഭാഗമായി തൂക്കിലേറ്റിയത്. മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.

കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് സിങ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ എല്ലാവിധ പുന:പരിശോധന ഹര്‍ജികളും തള്ളിയാണ് കോടതി വധശിക്ഷ ശരിവെച്ചത്. വധശിക്ഷ റദ്ദാക്കാന്‍ സാധ്യമായ നിയമവഴികളെല്ലാം ശ്രമിച്ച പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കുന്നത് മൂന്നു തവണ മാറ്റി വെക്കാന്‍ സാധിച്ചിരുന്നു. മീററ്റില്‍ നിന്നുള്ളയാളാണ് ശിക്ഷ നടപ്പാക്കുന്നത്.

2012 ഡിസംബര്‍ പതിനാറിനാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഘത്തിനിരയാവുന്നത്. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു. കേസില്‍ പിടിയിലായ ആറു പേരില്‍ ഒരാള്‍ പിന്നീട് ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൈനറായ മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷത്തെ ശിക്ഷക്ക് ശേഷം പുറത്ത് വിടുകയും ചെയ്തു.

SHARE