നിര്‍ഭയകേസ്; വധശിക്ഷ ഒഴിവാക്കാന്‍ പുതിയ നീക്കവുമായി പ്രതി

ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മ്മ ഗവര്‍ണറെ സമീപിച്ചു. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് അപേക്ഷ നല്‍കിയത്.

അഭിഭാഷകന്‍ എ.പി സിംഗ് മുഖേനെയാണ് വിനയ് ശര്‍മ്മ ഗവര്‍ണറെ സമീപിച്ചത്. നേരത്തെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പ്രതിക്ക് അനുകൂലമായ വിധി ഉണ്ടായില്ല.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന് ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയായിരുന്നു മരണ വാറണ്ട് പുറപ്പെടുവിച്ചത്. നാല് പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. മാര്‍ച്ച് നാലിന് പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ നാലാമത്തെ മരണ വാറണ്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കി മൂന്ന് പ്രതികളുടെയും ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു.

SHARE