നിര്‍ഭയകേസ്: കുറ്റവാളികളുടെ പുതിയ മരണ വാറണ്ട് ഇന്ന് നിശ്ചയിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് ഇന്ന് പുറപ്പെടുവിച്ചേക്കും. ഇതാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ ദിവസം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിര്‍ഭയയുടെ കുടുംബവും വ്യക്തമാക്കി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികള്‍ ഉപയോഗിച്ചു കഴിഞ്ഞെന്നും ഇനി നിശ്ചയിക്കുന്ന ദിവസം ശിക്ഷ നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തിന്റെ അഭിഭാഷക സീമ ഖുശ്വഹ പറഞ്ഞു.

കേസിലെ മറ്റ് പ്രതികളായ മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതികളായ മുകേഷ് സിങും വിനയ് കുമാര്‍ ശര്‍മയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതി തള്ളിയിരുന്നു.

മാര്‍ച്ച് മൂന്നിനായിരുന്നു ഇവരുടെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പവന്‍ ഗുപ്ത ദയാ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി മരണവാറന്റ് സ്‌റ്റേ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളിയാല്‍, 14 ദിവസം കഴിഞ്ഞതിന് ശേഷമേ വധശിക്ഷ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തളളിയതോടെ നിര്‍ഭയ കേസിലെ നാല് കുറ്റവാളികള്‍ക്ക് മുന്നിലെ നിയമവഴികളെല്ലാം അവസാനിച്ചു. ഇനി ഡല്‍ഹി കോടതി നിശ്ചയിക്കുന്ന ദിവസം തന്നെ വധശിക്ഷ നടപ്പാക്കാനാകും.

SHARE