ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ മരണവാറന്റിനെതിരെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് മുകേഷ് സിങ്ങിന്റെ അടുത്ത നീക്കം.
മുകേഷ് സിങ് അടക്കം രണ്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്നലെ തളളിയിരുന്നു. വധശിക്ഷയില്‍ ഇളവ് തേടി മുകേഷ് സിങ്ങിന് പുറമേ വിനയ് ശര്‍മയുമാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.