നിര്‍ഭയ കേസിലെ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി കോടതി നാളെ വിധി പറയും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ച കഴിഞ്ഞ് 2:30നാണ് ഹര്‍ജിയില്‍ കോടതി വിധി പറയുക. പ്രതികളുടെ മരണവാറണ്ട് സ്‌റ്റേ ചെയ്ത തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി വിധി പറയുക. ദയാഹര്‍ജി തള്ളിയ മുകേഷ് സിംഗിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും പുനഃപരിശോധനാ ഹര്‍ജികള്‍ മനഃപൂര്‍വം വൈകിപ്പിച്ചുകൊണ്ട് അവര്‍ രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാണിച്ചു.

സമൂഹത്തിന്റെയും നീതിയുടെയും താല്‍പര്യം കണക്കിലെടുത്ത് വധശിക്ഷ ഉടന്‍ നടപ്പിലാക്കണം. നീതി നിര്‍വഹണം തടസ്സപ്പെടാത്താന്‍ കരുതിക്കൂട്ടിയുള്ള നടപടികള്‍ ഉണ്ടാകുന്നു. നിയമ പോംവഴികള്‍ ഉപയോഗിച്ച് പ്രതികള്‍ കാലതാമസം വരുത്തുകയാണ്. പ്രതി മുകേഷ് സിംഗ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് 186 ദിവസങ്ങള്‍ക്ക് ശേഷമാണ്. തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ 550 ദിവസം വൈകിയതും മനഃപൂര്‍വമാണ് നിലവില്‍ അക്ഷയ് സിങ്ങിന്റെ ദയാഹര്‍ജി.