നര്‍ഭയ: വധശിക്ഷ ഒരുമിച്ച് നടപ്പാക്കണമെന്ന ചട്ടം; മരണവാറണ്ട് മാറാന്‍ സാധ്യത

ന്യൂഡല്‍ഹി: പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ ഡല്‍ഹി കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. ഇതു പ്രകാരം ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് നാലു പ്രതികളേയും തൂക്കിക്കൊല്ലും.

അതേസമയം, ഒരു കേസില്‍ ഒന്നിലേറെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ശിക്ഷ നടപ്പാക്കുന്നത് ഒരുമിച്ച് വേണമെന്നാണ് ജയില്‍ച്ചട്ടം തിയ്യതിയില്‍ ഇനിയും മാറ്റം വരുത്തിയേക്കാം. ഈ ജയില്‍ച്ചട്ടം പാലിക്കുമ്പോള്‍ നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഒരുമിച്ചാണ് തൂക്കിലേറ്റേണ്ടത്. എന്നാല്‍ പ്രതികളില്‍ ആരുടേയെങ്കിലും ഏതെങ്കിലുമൊരു അപേക്ഷ ഇനിയും തീര്‍പ്പാക്കാനായി വന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും.

മുകേഷിന്റെ ദയാഹര്‍ജി വെള്ളിയാഴ്ച തള്ളിയതിനാലാണ് ജയില്‍ ചട്ടപ്രകാരം 14 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ഫെബ്രുവരി ഒന്നിന് വധശിക്ഷാ തീയതി നിശ്ചയിച്ചത്. അതിനിടെ മറ്റേതെങ്കിലും പ്രതികള്‍ ദയാഹര്‍ജി നല്‍കിയാല്‍, അവയോരോന്നും തള്ളി 14 ദിവസം കഴിയുംവരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കേണ്ടിവരും. അതിനാല്‍, ഫെബ്രുവരി ഒന്നിന് ശിക്ഷ നടപ്പാക്കാനാകുമെന്ന് ഉറപ്പില്ല. നിലവില്‍, കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുകാട്ടി പ്രതികളിലൊരാളായ പവന്‍ ഗുപ്ത (25) സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരെ ഈ മാസം 22ന് രാവിലെ ഏഴു മണിക്ക് തൂക്കിക്കൊല്ലാന്‍ നിര്‍ദേശിച്ച് നേരത്തെ ജഡ്ജി സതീഷ് കുമാര്‍ അറോറ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് ഈ വാറണ്ട് കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ദയാഹര്‍ജി ഇന്നലെ രാഷ്ട്രപതി തള്ളിയ പശ്ചാതലത്തിലാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചത്.

മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് കോടതിയെ അറിയിച്ചു. പ്രതികളുടെ രണ്ട് അപ്പീലുകള്‍ വിചാരണ കേള്‍ക്കാനുണ്ടെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യം മുഖവിലക്കെടുക്കാതെയാണ് ജഡ്ജി അറോറ പുതിയ വാറന്റില്‍ ഒപ്പുവെച്ചത്. പവന്‍ ഗുപ്ത എന്ന പ്രതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷനാണ് ഹര്‍ജികളിലൊന്ന്. നിര്‍ഭയ കേസ് നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുപ്ത കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയും കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് അഭിഭാഷകന് 25,000 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയിലാണ് മരിച്ചത്. വിദ്യാര്‍ത്ഥിനിക്കൊപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതി രാം സിങ് വിചാരണക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് തെറ്റുതിരുത്തല്‍ ഭവനത്തില്‍ അയച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ പ്രതിയെ പിന്നീട് ജീവന് ഭീഷണിയുള്ളത് കാരണം അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.