ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരാച്ചാര്‍ പവന്‍കുമാര്‍ തിഹാര്‍ ജയിലിലെത്തി. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെയാണ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
അതേസമയം, വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികളിലൊരാളായ മുകേഷ് സിംഗ് നല്കിയ ഹര്‍ജികള്‍ ഇന്ന് തള്ളി. വിചാരണ കോടതിയായ ദില്ലി പാട്യാല ഹൗസ് കോടതിയിലും അഡീഷനല്‍ സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്. കൂട്ട ബലാത്സംഗം നടന്ന ഡിസംബര്‍ പതിനാറിന് ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്ന് വാദിച്ചാണ് പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
വിചാരണ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രധാനമായ രേഖകള്‍ മറച്ചുവച്ചുവെന്നും ഇത് വഴി വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നേടിയെടുക്കയാണ് ചെയ്തത് എന്നുമായിരുന്നു അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം. ഇരു ഹര്‍ജികളും തള്ളിയതിനെതിരെ മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ച്ചയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.