‘നിയമം കുറ്റവാളികളെ ജീവിക്കാന്‍ അനുവദിക്കുമ്പോള്‍ അവരെ തൂക്കിക്കൊല്ലുന്നത് പാപമാണ്.’; ഡല്‍ഹി പട്യാല സെഷന്‍സ് കോടതി

നിര്‍ഭയ കേസ് ഹര്‍ജി സുപ്രീംകോടതി 11ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിക്കൊല്ലാനായി മരണവാറണ്ട് പുറപ്പെടുവിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
ഒരു പ്രതിയുടെ ദയാഹര്‍ജി കൂടി ബാക്കിനില്‍ക്കെ, നിയമം കുറ്റവാളികളെ ജീവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍, അവരെ തൂക്കിക്കൊല്ലുന്നത് പാപമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി സര്‍ക്കാറിനുവേണ്ടി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്.

നിലവില്‍ ഒരു കോടതിയിലും ഒരു കുറ്റവാളിയുടെയും അപേക്ഷകള്‍ ഇല്ലെന്നും അതിനാല്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കാണിച്ചാണ് നിര്‍ഭയയുടെ പ്രതികളെ വേഗത്തില്‍ തൂക്കിലേറ്റാനായി ഡല്‍ഹി സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
എന്നാല്‍, കുറ്റവാളികള്‍ പുതിയ അപേക്ഷ ഇനി നല്‍കില്ലെന്ന് എങ്ങനെ വിശ്വസിക്കാമെന്ന് കോടതി ചോദിച്ചു.
മൂന്ന് പ്രതികളുടെ കാരുണ്യ അപേക്ഷ രാഷ്ട്രപതി ഇതിനകം നിരസിച്ചുവെന്നും നിലവില്‍ നാലുപേരില്‍ ഒരാളുടെയും അപ്പീല്‍ ഒരു കോടതിയിലും പരിഗണിച്ചിട്ടില്ലെന്നും ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ പറഞ്ഞു.

കേസില്‍ കുറ്റവാളികളായ അക്ഷയ്, മുകേഷ്, വിനയ് എന്നിവരെല്ലാതെ നാലാമത്തെ കുറ്റവാളിയായ പവന്‍ ഇതുവരെ ദയാഹര്‍ജിയുടെ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല. അതേസമയം നിര്‍ഭയയിലെ നാല് പ്രതികള്‍ക്കെതിരെ നേരത്തെ മരണവാറണ്ട് പുറപ്പെടുവിക്കുകയും അതേ പിന്നീട് സ്റ്റേ ചെയ്യുകയുമാണുണ്ടായത്. ഇതോടെയാവാം പുതിയ ഡെത്ത് വാറണ്ട് വേണമെന്ന ആവശ്യം പട്യാല കോടതി നിരസിച്ചത്.
വാദം കേള്‍ക്കുന്നതിനിടെ പട്യാല സെഷന്‍സ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞു. ‘നിയമം കുറ്റവാളികളെ ജീവിക്കാന്‍ അനുവദിക്കുമ്പോള്‍ അവരെ തൂക്കിക്കൊല്ലുന്നത് പാപമാണ്.’

അതേസമയം, നിര്‍ഭയ കേസിലെ പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഇന്നലെ സുപ്രീംകോടതി ഫെബ്രുവരി 11ലേക്ക് മാറ്റിയിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെതുടര്‍ന്നാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം പ്രതികള്‍ക്ക് നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഒരാഴ്ചത്തെ അന്ത്യശാസനം നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ്(ഫെബ്രുവരി 11) ഈ സമയപരിധി അവസാനിക്കുന്നത്. ഇത് കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് അന്നേ ദിവസത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് ഹര്‍ജി പരിഗണിക്കുമെന്നും ഹൈക്കോടതി ഉത്തരവിനോട് പ്രതികള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയ ശേഷം തുടര്‍ നടപടികള്‍ പരിഗണിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നിര്‍ഭയ കേസില്‍ രാജ്യത്തിന്റെ ക്ഷമയേയാണ് പ്രതികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ശിക്ഷ നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിക്കാനുള്ള തന്ത്രമാണ് പ്രതിഭാഗംപയറ്റുന്നതെന്നും മേത്ത ആരോപിച്ചു. അതേസമയം മെറിറ്റ് അനുസരിച്ചു മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനാവൂ എന്നായിരുന്നു ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നിലപാട്. നാലു പ്രതികള്‍ക്കും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച സമയം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അതു തീരും വരെ കാത്തിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഒരേ കുറ്റത്തിന് ഒരേ കോടതി ഒരേ ശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ വെവ്വേറെ നടപ്പാക്കുന്നത് തുല്യ നീതിയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആവശ്യം ഹൈക്കോടതി തള്ളിയത്.

2012 നിര്‍ഭയ കൂട്ടമാനഭംഗത്തിലെ നാല് പ്രതികളായ മുകേഷ് കുമാര്‍, പവന്‍ ഗുപ്ത, വിനയ് കുമാര്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് നേരത്തെ വധശിക്ഷ വിധിച്ചതാണ്. പ്രതികള്‍ നാലുപേരെയും തിഹാര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ മൂന്നുപേര്‍ വധശിക്ഷയ്‌ക്കെതിരായി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തളളുകയാണുണ്ടായത്. ഇപ്പോള്‍ പവന്‍ ഗുപ്തയ്ക്ക് നിയമപരമായി ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം ബാക്കിനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്യാല കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാനുള്ള ആവശ്യം നിരസിച്ചത്.