മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും; പൊതുദര്‍ശനത്തിന് വെക്കാന്‍ പാടില്ല

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ഭയ പ്രതികളുടെ ബന്ധുക്കള്‍ക്ക് പൊലീസിന്റെ കര്‍ശന നിര്‍ദേശം. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് നിര്‍ദേശിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ തിഹാര്‍ ജയിലിന് സമീപമുള്ള ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ട് ആംബുലന്‍സുകളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ആംബുലന്‍സിന് മുന്നിലും പിന്നിലുമായി സുരക്ഷ ഒരുക്കി പൊലീസും ഉണ്ടായിരുന്നു. പ്രതികളുടെ ബന്ധുക്കള്‍ ജയില്‍ പരിസരത്ത് എത്തിയിരുന്നെങ്കിലും മൃതദേഹം കാണിക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ആശുപത്രി പരിസരത്തേയ്ക്ക് പോയി.

ഇന്ന് രാവിലെ 5.30 ഓടെയാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെയാണ് തൂക്കിലേറ്റിയത്. കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യം പോലും വകവയ്ക്കാതെ നിരവധി പേരാണ് നിര്‍ഭയ പ്രതികളെ തൂക്കിലേറ്റിയ തിഹാര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയത്. പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്തയെത്തിയതോടെ ജനങ്ങള്‍ ആര്‍പ്പുവിളിച്ചു. നീതി നടപ്പാക്കിയ നീതിപീഠത്തിന് ജനങ്ങള്‍ നന്ദി പറയുകയും ചെയ്തു. മകളുടെ ഘാതകരെ തൂക്കിലേറ്റിയതോടെ നീതി ലഭിച്ചുവെന്നായിരുന്നു നിര്‍ഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം. ശിക്ഷ പാഠമാകണമെന്ന് നിര്‍ഭയയുടെ അച്ഛനും പ്രതികരിച്ചു.

SHARE