നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ വെച്ച് നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ കുറ്റവാളികളെ തൂക്കിലേറ്റി. അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയാ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് നാലുപേരെയും തൂക്കിലേറ്റിയത്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ആരാച്ചാര്‍ പവന്‍ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയില്‍ മാനുവല്‍ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്.