ഞങ്ങളെ തുണച്ചത് രാഹുല്‍:എല്ലാം രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നിര്‍ഭയയുടെ രക്ഷിതാക്കള്‍

ഏഴുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയത്. നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ പലകുറി പറഞ്ഞ ഒരു പേരുണ്ട്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരായിരുന്നു അത്.

തന്റെ മകള്‍ ഇരയായ ആ അതിനീചമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിസ്വാര്‍ത്ഥ സ്‌നേഹവും, കരുതലും, സഹായവും അനുഭവിച്ചതിലാണ് നിര്‍ഭയയുടെ അച്ഛന് വാചാലനായത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ആ അതിഭീകരമായ അവസ്ഥയിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോള്‍ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹം തന്റെ കുടുംബത്തെ സാമ്പത്തികമായി വരെ സഹായിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും മാധ്യമങ്ങള്‍ക്കിടയിലേക്ക് അദ്ദേഹം വലിച്ചിഴച്ചില്ല. പകരം എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് തങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം തന്നിരുന്നു നിര്‍ഭയയുടെ പിതാവ് പറഞ്ഞു.

തന്റെ മകന് രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ ട്രെയിനിങ് കഴിഞ്ഞ് ഇന്‍ഡിഗോയില്‍ ജോലി നോക്കുകയാണ്’. ഇതെല്ലാം സാധ്യമായത് രാഹുല്‍ ഒറ്റ ഒരാളുടെ പിന്തുണ മൂലമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് നിര്‍ഭയക്കേസിലെ നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് മുകേഷ് സിങ്, പവന്‍ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റിവയ്ക്കണമെന്ന പവന്‍ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചയെ മൂന്നരയ്ക്ക് സുപ്രീംകോടതി തള്ളിയതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കുകയായിരുന്നു.

SHARE