നിപ്പ: കോടതി ജീവനക്കാരന്‍ മരിച്ച സംഭവം; ജില്ലയിലെ കോടതികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതികള്‍ക്കും കുടുംബക്കോടതിക്കുമാണ് നിര്‍ദേശം ബാധകമെന്നും ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.

കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി മധുസൂദനന്‍ നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചതിനാല്‍ കോടതികളുടെ പ്രവര്‍ത്തനം നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു കണക്കിലെടുത്താണ് നടപടി. തിരക്കുള്ള കോടതികളുടെ പ്രവര്‍ത്തനം നിറുത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.