ജയ് ശ്രീരാം വിളിച്ചില്ല; ഡല്‍ഹി കലാപത്തില്‍ ഒമ്പത് മുസ്‌ലിംകളെ കൊന്ന് അഴുക്കുചാലില്‍ തള്ളിയെന്ന് കുറ്റപത്രം

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടത് ജയ് ശ്രീരാം വിളിക്കാത്തതു കൊണ്ടെന്ന് കുറ്റപത്രം. ഇവരെ കൊന്ന് അഴുക്കുചാലില്‍ തള്ളുകയായിരുന്നു എന്നാണ് പൊലീസ് ഡല്‍ഹി ഹൈക്കോടതയിില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നത്. തീവ്രഹിന്ദു സംഘടനകളാണ് കലാപത്തിന് പിന്നില്‍ എന്ന് കൃത്യമായി തെളിയിക്കുന്നതാണ് കുറ്റപത്രം.

പൗരത്വഭേദഗതി നിയമത്തിനും നിര്‍ദിഷ്ട ജനസംഖ്യാ രജിസ്റ്ററിനും എതിരായ പ്രക്ഷോഭത്തിനു പിന്നാലെ നടന്ന കലാപത്തില്‍ 51 പേരാണ് ഔദ്യോഗിക കണക്കുകളില്‍ കൊല്ലപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് 750 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കലാപത്തിലെ പ്രതികള്‍ ‘കട്ടര്‍ ഹിന്ദു ഏക്ത’ എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് കുറ്റപത്രം പറയുന്നു. ഫെബ്രുവരി 25 നാണ് ഈ ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്ലിംകളോട് പ്രതികാരം ചെയ്യാനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറയുന്നു.

‘കട്ടര്‍ ഹിന്ദു ഏക്ത ഗ്രൂപ്പ് ഫെബ്രുവരി 25 ന് 12.49 നാണ് രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച് എട്ടിന് ഗ്രൂപ്പില്‍ നിന്ന് പിന്മാറി’- കുറ്റപത്രത്തില്‍ പറയുന്നു.

മുര്‍സലീന്‍, ആസ് മുഹമ്മദ്, ആമീന്‍, ഭുരെ അലി, ഹംസ, മുഷറഫ്, അഖീല്‍ അഹ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 25നും 26നും ഇടയിലായിരുന്നു ഇവരെ വകവരുത്തിയത്. കലാപം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ ഭഗീരഥി വിഹാറിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തിയത്.

ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ്മ, അങ്കിത് ചൗധരി, സുമിത് ചൗധരി, പ്രിന്‍സ്, ജതിന്‍ ശര്‍മ്മ, ഹിമാന്‍ഷു ഠാക്കൂര്‍, വിവേക് പഞ്ചല്‍, റിഷഭ് ചൗധരി എന്നിവരാണ് ഇവരെ കൊന്ന കേസിലെ പ്രതികള്‍. എല്ലാവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ ആക്രമണം നടത്തുന്ന വേളയില്‍ ഹെമല്‍മറ്റു കൊണ്ടും മറ്റും മുഖം മറച്ചിരുന്നതായി കുറ്റപത്രത്തിലുണ്ട്.

വാട്‌സ് ആപ്പ് വഴി പ്രതികള്‍ നടത്തിയ സന്ദേശങ്ങള്‍ കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. എത്ര മുസ്‌ലിംകളെ കൊന്നു, എത്ര ആയുധങ്ങള്‍ എത്തിച്ചു തുടങ്ങിയ വിവരങ്ങള്‍ എല്ലാം ഗ്രൂപ്പ് വഴി സംഘം പരസ്പരം അറിയിച്ചിട്ടുണ്ട്.