ചീട്ടുകളി പിടിച്ച പൊലീസ് സംഘത്തിന് 9 ലക്ഷം രൂപ പാരിതോഷികം

ചീട്ടുകളി കേസ് പിടിച്ച് ലക്ഷാധിപതികളായിരിക്കുകയാണ് നെടുമ്പാശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഒമ്പതു ലക്ഷം രൂപയാണ് പാരിതോഷികമായി ഇവര്‍ക്ക് ലഭിക്കുന്നത്.

2017 ഒക്ടോബോര്‍ 15 ന് ആലുവ പെരിയാര്‍ ക്ലബ്ലില്‍ ലക്ഷങ്ങള്‍വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി എറണാകുളം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ക്ലബ്ലില്‍ നടത്തിയ റെയ്ഡില്‍ 33 പേരെ അറസ്റ്റ് ചെയ്യുകയും 18,06,280 രൂപ പിടിച്ചെടുക്കുകയും ചെയ്തു.

കേരള ഗെയിമിങ് ആക്ട് പ്രകാരം (വകുപ്പ് 18) പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് ലഭിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ച് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, വന്‍ ചീട്ടുകളി സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിന് പിടിച്ചെടുത്ത തുകയുടെ അമ്പത് ശതമാനം റിവാര്‍ഡ് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

SHARE