മലപ്പുറം: നിലമ്പൂര്‍, വയനാട്, നഞ്ചന്‍കോട് റെയില്‍പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇതോടെ വയനാടിന്റെ ആവശ്യം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു. രാഹുല്‍ ഗാന്ധി എം.പിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം പദ്ധതി രേഖ തയ്യാറാക്കി നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
റെയില്‍വേയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി രൂപീകരിച്ച കേരളാ റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെയാണ് നഞ്ചന്‍കോട് വയനാട് പാതയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലമ്പൂരില്‍ നിന്ന് വയനാട് വഴി മൈസൂരിനടുത്ത നഞ്ചന്‍കോട്ടേക്ക് 156 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതാണ് റെയിവേ പാത.
നേരത്തെ നടത്തിയ സര്‍വ്വേകളില്‍ പാത ലാഭകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ റെയില്‍വേയുമായി ചേര്‍ന്ന് കെആര്‍ഡിസിഎല്‍ എന്ന കമ്പനി രൂപീകരിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചിയില്‍ നിന്ന് മൈസൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദൂരം കുറയും. 3500 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കുന്നത്.
ലോക്സഭയില്‍ നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് പാതയുടെ നിര്‍മ്മാണം തുടങ്ങണമെന്ന് രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റെയില്‍ സഹമന്ത്രി സുരേഷ് അംഗഡി പദ്ധതി രേഖ തയ്യാറാക്കി നല്കാന് ആവശ്യപ്പെട്ട വിവരം അറിയിച്ചത്. പാതയുടെ പുതുക്കിയ അലൈന്മെന്റ് അംഗീകാരത്തിന് കര്‍ണാടക കേരളാ ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി ധാരണയിലെത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചെങ്കിലും ഇതും നടന്നിട്ടില്ല.