നിലമ്പൂരില്‍ ശക്തമായ മഴ; നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍ കടപുഴകി ഗതാഗത തടസ്സം

മലപ്പുറം പാലക്കാട് ഭാഗങ്ങളില്‍ ഇന്നലെ തുടങ്ങിയ കനത്ത മഴ ഇന്ന് പുലര്‍ച്ചെ മഴ വീണ്ടും കനത്തതോടെ നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍ കടപുഴകിവീണു. കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നാടുകാണി ചുരത്തില്‍ വന്‍മരങ്ങള്‍ കടപുഴകി വീണതോടെ പ്രദേശത്ത് മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുമായെത്തിയ നൂറോളം വാഹനങ്ങള്‍ മണിക്കൂറുകളോളം നാടുകാണി ചുരത്തിലെ അന്തര്‍സംസ്ഥാനപാതയില്‍ കുടുങ്ങി. ചുരം പാതയിലെ തേന്‍പാറ, പോത്തുംകുഴി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഗതാഗത തടസം. അഗ്നി ശമനസേന എത്തി പിന്നീട് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

അതേസമയം, മലപ്പുറം ജില്ലയില്‍ ഇന്നലെ കനത്ത മഴയാണ് പെയ്തത്. രാത്രിയോടെ നേരിയ ശമനം ഉണ്ടായെങ്കിലും ഇന്ന് പുലര്‍ച്ചെ മഴ വീണ്ടും കനത്തിരിക്കയാണ്. നിലമ്പൂരില്‍ അതിശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതും പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതും ജനങ്ങളെ ആശങ്കയിലാക്കി. മലയോരമേഖലയിലെ കനത്ത മഴയില്‍ ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ വയനാട് ഭാഗങ്ങളിലെ വനമേഖലയിലുണ്ടായ കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട് കക്കാടംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.

നിലമ്പൂരില്‍ 2018ല്‍ തകര്‍ന്ന മതില്‍മൂല ആദിവാസി കോളനിക്ക് സമീപം പുഴ കരകവിഞ്ഞു. 9 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വനത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആദിവാസി കോളനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ചാലിയാറിന്റെയും കടലുണ്ടി പുഴയുടെയും തീരത്തുള്ളവര്‍ക്കും ജില്ലാഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.