നടി നിക്കി ഗല്‍റാണിക്ക് കോവിഡ്

ചെന്നൈ: നടി നിക്കി ഗല്‍റാണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ നല്ല ആശ്വാസമുണ്ടെന്നും നടി കുറിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. നിരന്തരം പിന്തുണ നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പറേഷനും നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

‘ കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോള്‍ പോസിറ്റീവാണ്. കൊറോണ വൈറസിനെ കുറിച്ച് ഒരുപാട് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് എന്റെ അനുഭവം ഞാന്‍ പറയാം. എന്റേത് ചെറിയ ലക്ഷണങ്ങളുള്ള ഗുരുതരമല്ലാത്ത കേസായിരുന്നു. തൊണ്ടവേദന, പനി, രുചിക്കുറവ്, ശ്വാസ തടസ്സം എന്നിവയായിരുന്നു ലക്ഷണങ്ങള്‍. എല്ലാ പ്രോട്ടോക്കോളും പാലിച്ച് ഞാന്‍ രോഗമുക്തി നേടി വരികയാണ്. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്’ – അവര്‍ കുറിച്ചു.

https://twitter.com/nikkigalrani/status/1293883416031531008

നമ്മള്‍ സുരക്ഷിതരായിരിക്കേണ്ടതും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് കരുതേണ്ടതും പ്രധാനമാണെന്ന് അവര്‍ പറയുന്നു. തന്റെ പ്രായവും മുമ്പ് അസുഖങ്ങളും ഇല്ലാത്തതിനാല്‍ ഇതില്‍ നിന്ന് മോചിതയാവുമെന്ന് അറിയാം. എന്നാല്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും മറ്റ് രോഗബാധിതരെയും കുറിച്ച് ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സാമൂഹിക അകലം പാലിക്കുക. തുടര്‍ച്ചയായി കൈകള്‍ കഴുകുക. അതാവശ്യമെങ്കില്‍ മാത്രം പുറത്തുപോവുക- അവര്‍ കൂട്ടിച്ചേര്‍ത്തു.

SHARE