നികേഷ് കുമാറിന് കെ.എഫ്.സിയില്‍ നിന്ന് ആറരക്കോടിയുടെ വായ്പ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിക്ക് വേണ്ടി ചെയ്ത ‘സേവനങ്ങള്‍’ക്ക് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ എം.വി നികേഷ്‌കുമാറിന് ഇടതുസര്‍ക്കാറിന്റെ ഉപഹാരം. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന നികേഷ് കുമാറിന് കോടതി കേസുകള്‍ പോലും പരിഗണിക്കാതെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് ആറരക്കോടിയുടെ വായ്പ നല്‍കിയത് വിവാദമായി.

കോടതി വിധി ലംഘിച്ചാണ് വായ്പ അനുവദിച്ചതെന്നാണ് ആരോപണം. നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതുപോലും കണക്കിലെടുക്കാതെയാണ് അപേക്ഷിച്ച് 15 ദിവസത്തിനുള്ളില്‍ കെ.എഫ്.സി വായ്പ അനുവദിച്ചിരിക്കുന്നത്.

നികേഷിന്റെ ഉടമസ്ഥതയിലുള്ള ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് 2016 ഡിസംബര്‍ 29ന് ആറരക്കോടി രൂപ വായ്പ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എഫ്.സി തീരുമാനമെടുത്തത്. ഡിസംബര്‍ 31ന് വായ്പാ തുക നല്‍കുകയും ചെയ്തു. 7.64 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിച്ചത്. വായ്പാ അപേക്ഷ ലഭിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ അനുവദിച്ചു. അഴീക്കോട് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടുവെങ്കിലും പാര്‍ട്ടിയോടൊപ്പം നിന്നതിന്റെ പേരില്‍ ഏതെങ്കിലും കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നികേഷിനെ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായതാണ്.

കെ.ടി.ഡി.എഫ്.സി ചെയര്‍മാനാക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേറ്റെടുക്കാന്‍ നികേഷ്‌കുമാര്‍ തയാറായിരുന്നില്ല. ഇതിന് പകരമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫിനാന്‍സ് കോര്‍പറേഷന്റെ വായ്പ തരപ്പെടുത്തി കൊടുത്തതെന്നാണ് ആക്ഷേപമുയരുന്നത്. വേണ്ടത്ര പരിശോധനകളോ അന്വേഷണമോ നടത്താതെ തിടുക്കപ്പെട്ട് വായ്പ അനുവദിച്ചതാണ് വിവാദമായത്. കമ്പനിയെപ്പറ്റി ഒരു അന്വേഷണവും നടത്താതെ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം വായ്പ പാസാക്കി.

കെ.എഫ്.സി ഹെഡ് ഓഫീസിലെ 030439410 എന്ന ലോണ്‍ അക്കൗണ്ട് നമ്പരിലാണ് വായ്പ അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമായിട്ടുണ്ട്. കളമശ്ശേരിയിലെ ഓഫീസ് കെട്ടിടമാണ് വായ്പക്കായി ഈടു നല്‍കിയിരിക്കുന്നത്. പലതരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളില്‍ കുടുങ്ങി കിടക്കുന്ന കെട്ടിടമാണിത്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഓഹരി കൈമാറ്റത്തെക്കുറിച്ച് നിരവധി കേസുകള്‍ കേരള ഹൈക്കോടതിയിലും കമ്പനി ലോ ബോര്‍ഡിലും നില നിലനില്‍ക്കുമ്പോഴാണ് ഇടതുസര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് 6.5 കോടി രൂപ അനുവദിച്ചത്.

SHARE