ഭീതിയുണര്‍ത്തി രാത്രി സഞ്ചാരികള്‍; ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി രാത്രി നടത്തക്കാരുടെ അഴിഞ്ഞാട്ടം. ബേപ്പൂരില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി സംശയാസ്പദമായി കറങ്ങിനടന്ന യുവാവ് പിടിയിലായത് മാരകായുധങ്ങള്‍ സഹിതം. കോയവളപ്പില്‍ കൊണ്ടാരം കടവത്ത് സുരേഷ് (30)ആണ് തിങ്കളാഴ്ച രാത്രി 12 മണിക്ക് പിടിയിലായത്.

സമൂഹവിരുദ്ധ ശല്യമുള്ള മാറാട്, ബേപ്പൂര്‍ ഭാഗത്ത് സി.ഐമാരായ കെ. വിനോദന്‍, ടി.എന്‍ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സിമന്റ് കത്തി, പ്ലാസ്റ്റിക് പാമ്പ് എന്നിവ സഹിതം ഇരട്ടച്ചിറയ്ക്ക് സമീപംവെച്ച് ഇയാളെ പിടികൂടിയത്.

അപസ്മാരരോഗിയായ ഇയാള്‍ക്കെതിരേ മാറാട്, ചേവായൂര്‍, പന്നിയങ്കര പോലീസ് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് സംബന്ധിച്ച കേസുകള്‍ ഉണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം.

ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച സുരേഷ് ശുചിമുറിയിലേക്കാണെന്ന വ്യാജേന പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിക്കവേ പിടികൂടി സി.ഐ. സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി പ്രതിക്ക് ജാമ്യമനുവദിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടു വെച്ചും സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവാവിനെ പിടികൂടിയിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ബ്ലാക്ക്മാന്‍ വസ്ത്രങ്ങള്‍, മുഖാവരണം, ഓവര്‍കോട്ട് മുതലായവ കണ്ടെടുത്തു. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു (24) വിനെയാണ് പാലാഴി ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചത്.

പരിസരവാസിയല്ലാത്ത യുവാവിനെ കണ്ട നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ വിവരമറീയിക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന ഇയാള്‍ പാലാഴിയില്‍ വാടക മുറിയിലാണ് താമസിക്കുന്നത്.

താമസസ്ഥലത്തെ കുറിച്ചുള്ള അവ്യക്തമായ വിവരമാണ് ഇയാളുടെ മുറി പരിശോധിക്കാന്‍ ഇടയാക്കിയത്. മുഖാവരണം, കറുത്ത വസ്ത്രങ്ങള്‍, ഓവര്‍ കോട്ട് മുതലായവയാണ് കണ്ടെടുത്തത്. ഇടക്കിടെ ഈ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാറുള്ളതായി പൊലീസ് പറഞ്ഞു.

പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണങ്ങള്‍ വ്യാപകമായെന്ന പരാതിക്കിടയിലാണ് ബ്ലാക്ക്മാന്‍ വസ്ത്രങ്ങളുമായി യുവാവ് പിടിയിലാവുന്നത്. നഗരപരിധിയില്‍ ലോക് ഡൗണ്‍ സമയത്ത് ഇയാള്‍ക്കെതിരെ പൊലീസ് വേറെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

SHARE